ഒറ്റ നോട്ടത്തില്‍
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍, അഴുത ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും, പീരുമേട്, ഏലപ്പാറ, മഞ്ചുമല എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പീരുമേട് ഗ്രാമപഞ്ചായത്ത്.
- വിസ്തീര്‍ണ്ണം : 114.75 ചതുരശ്ര കിലോമീറ്റര്‍
അതിരുകള്‍ : കിഴക്ക് വണ്ടിപ്പെരിയാര്‍, പടിഞ്ഞാറ് പെരുവന്താനം, വടക്ക് ഏലപ്പാറ, തെക്ക് റിസര്‍വ്വ് വനം എന്നിവയാണ്.
പ്രധാന സുഖവാസ കേന്ദ്രങ്ങളിലൊന്നാണ് പീരുമേട്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ പീരുമേട് സ്ഥിതി ചെയ്യുന്നു. രാജവാഴ്ചക്കാലത്ത് പീരുമേട് തിരുവിതാംകൂറിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു. സഹ്യസാനുക്കളിലെ, ഉത്തുംഗ ഗിരിശൃംഗങ്ങളിലാണ് പീരുമേട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വടക്കനതിര്‍ത്തിയായ മുറിഞ്ഞപുഴയില്‍ കെ.കെ റോഡിന് വലതുഭാഗം വൃക്ഷനിബിഢമായ മുറിഞ്ഞപുഴ വനങ്ങളാണ്. തുടര്‍ന്ന് കിടക്കുന്ന കുട്ടിക്കാനം ഉയര്‍ന്ന പുല്‍മേടുകളും പാറക്കെട്ടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വളഞ്ഞകാനം റിസര്‍വ്വ് വനം കുട്ടിക്കാനം മുതല്‍ തോട്ടാപ്പുര വരെ വ്യാപിച്ചുകിടക്കുന്നു. തോട്ടാപ്പുരയില്‍ നിന്നും ആരംഭിക്കുന്ന റിസര്‍വ്വ് വനങ്ങള്‍ ആദിവാസിമേഖലയായ പ്ളാക്കത്തടവും കടന്ന് ശബരിമല റിസര്‍വ്വ് വനങ്ങളില്‍ എത്തിച്ചേരുന്നു.
ഈ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന മലനിരകള്‍ക്ക് സമുദ്രനിരപ്പില്‍നിന്നും 4000 അടിയോളം ഉയരമുണ്ട്. 1953 സെപ്റ്റംബര്‍ 13-ന് ആദ്യ പഞ്ചായത്ത് സമിതി യോഗം ചേര്‍ന്ന് പ്രസിഡന്റായി ആര്‍.സി.ദാസിനേയും വൈസ്പ്രസിഡന്റായി രാജപ്പന്‍ കങ്കാണിയേയും തെരഞ്ഞെടുത്തു. ആദ്യകാലങ്ങളില്‍ ആണ്ടില്‍ 6 മാസം അതിവൃഷ്ടിയും, മൂന്നുമാസം മൂടല്‍മഞ്ഞും മറ്റു സമയങ്ങളില്‍ സമശീതോഷ്ണാവസ്ഥയും നിലനിന്നിരുന്ന പഞ്ചായത്തിന്റെ പകുതിയിലധികവും തേയിലത്തോട്ടങ്ങളാണ്.