ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ചരിത്രം

കേരളത്തിലെ തോട്ടവ്യവസായവുമായി ബന്ധപ്പെട്ട ചരിത്രമാണ് പീരുമേടിന്റേത്. ബ്രിട്ടീഷുകാര്‍ ഇവിടുത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കി കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തേയിലക്കൃഷി ആരംഭിച്ചു. ഈ തോട്ടങ്ങളുടെ വികസനത്തിന്റെ പലഘട്ടങ്ങളിലൂടെയാണ് പീരുമേടിന്റെ ജനവാസവും തുടര്‍ന്നുള്ള വളര്‍ച്ചയും ഉണ്ടായിട്ടുള്ളത്. വളരെ കാലങ്ങള്‍ക്ക് മുമ്പ് ഇവിടെ പാര്‍ത്തിരുന്ന “പീരുബാവാ” എന്ന സിദ്ധഫക്കീറിന്റെ പേരിനോടാണ് ഈ സ്ഥലനാമം ബന്ധപ്പെട്ടിരിക്കുന്നത്. പീരുബാവയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം  മുസ്ളീമുകളുടെ പുണ്യസ്ഥലമാണ്. അഴുത എന്ന പേരിലും പീരുമേട് അറിയപ്പെടുന്നു. കുട്ടികള്‍ക്കുള്ള അസുഖങ്ങള്‍ക്ക് സിദ്ധഔഷധമായി ഉപയോഗിച്ചിരുന്ന അഴുതച്ചെടികള്‍ ഇവിടെ സമൃദ്ധമായിട്ടുണ്ടായിരുന്നതിനാലാണ് അഴുത എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു.

സാമൂഹ്യ വികസന ചരിത്രം

ദിവസത്തില്‍ 12-13 മണിക്കൂര്‍ പണിയെടുക്കണമെന്നുള്ളതുള്‍പ്പെടെ നിരവധി പീഡനങ്ങള്‍ക്ക് തോട്ടം തൊഴിലാളികള്‍ ഇരയായിരുന്നു. ആഴ്ചയില്‍ നാലര പക്കാ അരിയും അതിനു തക്ക ഭക്ഷ്യസാധനങ്ങളും ചില്ലറ നാണയങ്ങളും മാത്രം കൂലിയായി ലഭിച്ചിരുന്നു. ഇക്കാലത്ത് മുണ്ടക്കയം കേന്ദ്രമാക്കി സന്മാര്‍ഗ്ഗോദയം കൂലിവേല  എന്ന തൊഴിലാളി സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.  പരേതനായ ജോര്‍ജ്ജ് കാക്കനാടായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 1940-ല്‍ പുനലൂര്‍ കേന്ദ്രമാക്കി ആള്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിക്കപ്പെട്ടു. കേരളത്തിന്റെ ആദ്യത്തെ വ്യവസായമന്ത്രിയായിരുന്ന ടി.വി.തോമസ് ആയിരുന്നു പ്രസിഡന്റ്. ഈ കാലത്ത് തൊഴിലാളികള്‍ക്ക് ആദ്യമായി ഒരു ആനുകൂല്യം എന്ന നിലയില്‍ നാലണ പഞ്ഞകാശ് അനുവദിച്ചു കിട്ടി. 1946-ല്‍ ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യര്‍ വിളിച്ചുകൂട്ടിയ ത്രികക്ഷി സമ്മേളനത്തില്‍വച്ച് തൊഴിലാളികള്‍ക്ക് 4% ബോണസ് ആദ്യമായി അനുവദിച്ചുകിട്ടി. പഞ്ചായത്തിലെ പാമ്പനാറ്റില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ പഴയ പാമ്പനാറ്റിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്ളേഗ് എന്ന മാരകരോഗം പടര്‍ന്നതിനെത്തുടര്‍ന്ന് 100 കണക്കിനാളുകള്‍ മരണമടഞ്ഞു. പ്ളേഗ് പടര്‍ന്ന് പിടിച്ച കാലത്ത് അന്നത്തെ റ്റി.റ്റി.കമ്പനി തോട്ടം മാനേജരായ കുക്കു സായിപ്പ് ഒരു എലിയെ കൊല്ലുന്നതിന് രണ്ടണ ക്രമത്തിലായിരുന്നു സമ്മാനം നല്‍കിയിരുന്നത്. 1924-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കെ.കെ.റോഡിലെ രണ്ടാം പാലം ഒഴുകിപ്പോവുകയും പിന്നീട് റോഡ് കുട്ടിക്കാനം വഴിയാക്കുകയും ചെയ്തു. കെ.കെ.റോഡില്‍ ആദ്യകാലങ്ങളില്‍ പോത്തുവണ്ടിയായിരുന്നു ഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. പിന്നീട് 1950-കളില്‍ സ്വരാജ് എന്ന ബസ് സര്‍വ്വീസ് ആരംഭിച്ചു. കൃഷിക്കുപയുക്തമായ ഭൂവിഭാഗങ്ങളില്‍ ഏറെയും നാണ്യവിളകളായ തേയില, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വന്‍കിട തോട്ടങ്ങളാണ്. ഹൈറേഞ്ച് പ്രദേശമായതിനാല്‍ നാണ്യവിളകളായ തേയില, ഏലം, കുരുമുളക്, കാപ്പി എന്നിവയാണ് പ്രധാന കൃഷികള്‍. വിരലിലെണ്ണാവുന്ന കമ്പനികളുടെ വന്‍തോട്ടങ്ങളും  ഇടത്തരം ഭൂവുടമകളുടെ വക പ്ളാന്റേഷനുകളും കഴിഞ്ഞാല്‍ ഇവയ്ക്കിടയിലുള്ള പുതുവല്‍ മേഖലകളാണ് ചെറിയ കര്‍ഷകരുടെ കൈയ്യിലുള്ളത്. 1930-കളില്‍ പീരുമേട്ടില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിച്ചു. 1935-ല്‍ ഈ സ്ക്കൂള്‍ ഇപ്പോള്‍ സി.പി.എം. ഗവ.ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കുടിയേറ്റ തമിഴരുടെ ഇടയില്‍ അക്കാലത്ത് വിദ്യാഭ്യാസം നാമമാത്രമായിരുന്നു. 1946-ല്‍ പീരുമേട്ടിലെ പ്രാഥമിക വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു.

സാംസ്കാരിക ചരിത്രം

എക്കാലവും ഉന്നതമായ ഒരു സാംസ്കാരിക നിലവാരം പുലര്‍ത്തിയ പ്രദേശമാണിത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വേനല്‍ക്കാല സുഖവാസകേന്ദ്രം എന്ന നിലയില്‍ ഭരണസൌകര്യാര്‍ത്ഥം ഈ പ്രദേശത്ത് പല സര്‍ക്കാരാഫീസുകളും പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരുദ്യോഗങ്ങള്‍ക്കും അനുബന്ധതൊഴിലുകള്‍ക്കുമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നവര്‍ വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമായി ഒരു കൂട്ടായ്മ ആരംഭിച്ചു. പീരുമേട് താലൂക്ക് ആഫീസ് പരിസരത്തുചേര്‍ന്ന ആലോചനാ യോഗം ശ്രീമൂലം ഷഷ്ഠ്യബ്ദപൂര്‍ത്തി സ്മാരകത്തിന് രൂപംകൊടുത്തു. തിരുനാളാഘോഷവും സര്‍വ്വാണി സദ്യയും നടത്തിക്കൊണ്ടാരംഭിച്ച പ്രവര്‍ത്തനം ക്രമേണ കായികകലാ സാംസ്ക്കാരിക രംഗങ്ങളിലേയ്ക്കും പടര്‍ന്നു. കൊല്ലവര്‍ഷം 1104 ആയപ്പോഴേയ്ക്കും പുല്‍ക്കെട്ടിടത്തിന്റെ സ്ഥാനത്ത് ഓടുമേഞ്ഞ ഒരു ചെറിയ കെട്ടിടമുണ്ടായി. ഇന്നത്തെ നിലയിലുള്ള കെട്ടിടമായത് 1967 ലാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രം, സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച്,  പീരുമുഹമ്മദ് ജുമാ മസ്ജിദ്, ഓര്‍ത്തഡോക്സ് യാക്കോബായ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് പള്ളിക്കുന്ന്, പട്ടുമല സെന്റ് ഫ്രാന്‍സിസ് മൌണ്ട്, പാമ്പനാര്‍ മുസ്ളീം പള്ളി എന്നിവയാണ് പീരുമേടിന്റെ ഹൃദയ സ്ഥാനത്തെ പ്രധാന ആരാധനാകേന്ദ്രങ്ങള്‍. പീരുമേടിന്റെ ഹൃദയഭാഗത്താണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പള്ളിക്കുന്നിലെ എല്ലാ വിഭാഗങ്ങള്‍ക്കും പഞ്ചായത്തില്‍ മിക്കപ്രദേശത്തും ആരാധനാലയങ്ങള്‍ ഉണ്ട്. പീരുമേട്ടിലെ ഏറ്റവും ആദ്യമുണ്ടായിരുന്ന ദേവാലയമാണ് പള്ളിക്കുന്ന് സി.എസ്.ഐ പള്ളി. 1850-ല്‍ തേയിലത്തോട്ടം വ്യവസായം തുടങ്ങിയപ്പോള്‍ വിദേശികള്‍ സ്ഥാപിച്ച പള്ളിയാണിത്. പിന്നീട് കുട്ടിക്കാനത്തും പീരുമേട്ടിലെ അഴുതയിലും പള്ളി സ്ഥാപിച്ചു.  1948-ല്‍ പാമ്പനാറില്‍ മുസ്ളീം പള്ളി സ്ഥാപിതമായി. 1935-ല്‍ പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥാപിച്ചു.